Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Sunday, July 2, 2017

അമ്മയുടെ എഴുത്തുകള്‍ - കവിതാസ്വാദനം

PDF DOWNLOAD

മാതൃഭാഷയുടെ മഹത്വവും മാതൃത്വത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന കവിതയാണ് ശ്രീ. വി. മധുസൂദനന്‍ നായരുടെ 'അമ്മയുടെ എഴുത്തുകള്‍'. അകത്തും പുറത്തും കനിവുനഷ്ടപ്പെടുന്ന ആധുനിക ജീവിതത്തില്‍ അതു പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് കവി ചെയ്യുന്നത്. ആധുനികകാലത്ത് ജീവിതത്തിലും ഭാഷയിലും നടക്കുന്ന അധിനിവേശത്തിന്റെ വഴികള്‍ തുറന്നുകാണിക്കുകയാണ് 'അമ്മയുടെ എഴുത്തുകളിലൂടെ കവി ചെയ്യുന്നത്'.

വീടിനു മോടികൂട്ടുന്നതിനിടയില്‍ അലമാരയില്‍ അടുക്കിവച്ചിരുന്ന അമ്മയുടെ എഴുത്തുകള്‍ കവിയിലുണര്‍ത്തുന്ന ചിന്തകളാണ് ഈ കവിതയില്‍ ആവിഷ്കരിക്കുന്നത്. 'അമ്മയുടെ ചിന്മുദ്രയാണീ എഴുത്തുകള്‍' എന്നാണ് കവി ആ എഴുത്തുകളെക്കുറിച്ച് പറയുന്നത്. 'ചിന്മുദ്ര' ജ്ഞാനമുദ്രയാണ്. ദൈവികമായ അറിവുകളെ സൂചിപ്പിക്കുന്ന മുദ്രയാണത്. അമ്മയ്ക്ക് തലമുറകളിലൂടെ കൈമാറിക്കിട്ടിയതും അമ്മ ജീവിതാനുഭവങ്ങളിലൂടെ നേടിയതുമായ അറിവുകള്‍ മുഴുവനും അവര്‍ കത്തുകളുലൂടെ മകന് പകര്‍ന്നുകൊടുത്തു. അതുകൊണ്ടാവാം കവി ആ കത്തുകളെ അമ്മതന്‍ ചിന്മുദ്രകള്‍ എന്നു വിശേഷിപ്പിച്ചത്. ആ കത്തുകളെ 'തന്‍മകനായിപകര്‍ന്ന പാല്‍മുത്തുകള്‍' എന്നും വിശേഷിപ്പിക്കുന്നുണ്ട്. അമ്മ കുഞ്ഞിന് ആരോഗ്യവും ആയുസ്സും ലഭിക്കുന്നതിനുവേണ്ടി മുലപ്പാല്‍ പകര്‍ന്നുകൊടുക്കുന്നതുപോലെ ബുദ്ധിയും മനസ്സും വികസിച്ച് സംസ്കാരം നേടുന്നതിനായി കത്തുകളിലൂടെ അറിവ് പകര്‍ന്നുകൊടുക്കുകയാണ് ചെയ്യുന്നത്. അമ്മ പകര്‍ന്നുകൊടുക്കുന്ന മുലപ്പാലിലൂട കുഞ്ഞിന് ശാരീരികമായ ശക്തി പകരുന്നതുപോലെ അമ്മ മാതൃഭാഷയിലൂടെ പകര്‍ന്നു കൊടുക്കുന്ന അറിവുകളിലൂടെ കുഞ്ഞ് മാനസികവും ബുദ്ധിപരവുമായ ശക്തിനേടുന്നു.


ആധുനികജീവിതത്തിന്റെ പ്രതിനിധിയായ ഭാര്യയുടെ നിര്‍ബന്ധത്തിനുവഴങ്ങി തന്റെ പഴയ ജീവിതത്തിന്റെ സൂക്ഷിപ്പുകളെല്ലാം ചില്ലലമാരയില്‍ നിന്നും നീക്കംചെയ്യാന്‍ കവി നിര്‍ബന്ധിതനാവുന്നു. തനിക്ക് ഏറ്റവും പ്രിയപ്പെട്ടവയായിരുന്ന അമ്മയുടെ എഴുത്തുകളും അക്കൂട്ടത്തില്‍ നീക്കം ചെയ്യേണ്ടിവരുന്നു. പട്ടണത്തിലെ കൗതുകവസ്തുക്കള്‍കൊണ്ട് ഇന്ന് ആ അലമാര നിറഞ്ഞിരിക്കുന്നു. തിളക്കമാര്‍ന്ന അവയ്ക്കിടയില്‍ അമ്മയുടെ പഴയ കത്തുകള്‍ക്ക് സ്ഥാനമില്ല. ഭാര്യയാകട്ടെ ആ കത്തുകളും അവയുടെ ഉള്ളടക്കവും ഇഷ്ടപ്പെടുന്നില്ല. അവ തങ്ങളുടെ കുട്ടികള്‍ കാണരുതെന്നും അവള്‍ ആഗ്രഹിക്കുന്നു. ജീവിതത്തിലെ ചെറിയ അലോസരങ്ങള്‍ പോലും ഇഷ്ടപ്പെടാത്ത കവി ഭാര്യയുടെ ഇഷ്ടംതന്നെയാണ് തന്റെയും ഇഷ്ടം എന്ന് അംഗീകരിക്കുന്നു. അമ്മയുടെ എഴുത്തുകളെല്ലാം കാല്‍പ്പെട്ടിയിലിട്ടടച്ച് വീടിനു പിന്നിലെ ചായ്പില്‍ ഒളിപ്പിക്കാം എന്നു കവി പറയുന്നു. അങ്ങനെയാണെങ്കില്‍ അവരുടെ കുട്ടികള്‍ ഒരിക്കലും ആ കത്തുകള്‍ കാണുകയില്ലല്ലോ.

തന്റെ കുട്ടികള്‍ പുതിയ സംസ്കാരവും പുതിയ ഭാഷയും ആര്‍ജിച്ച് ജീവിതത്തിന്റെ ഉയര്‍ന്ന തലങ്ങളില്‍ വിഹരിക്കണമെന്നാഗ്രഹിക്കുന്നവളാണ് കവിയുടെ ഭാര്യ. അതുകൊണ്ടു തന്നെ അമ്മയുടെ എഴുത്തികളിലെ ഭാഷയും അതു പകര്‍ന്നുനല്‍കുന്ന സംസ്കാരവും തന്റെ കുട്ടികളെ തീണ്ടരുതെന്നും അവര്‍ ആഗ്രഹിക്കുന്നു.

എന്നാല്‍ തനിക്കീകത്തുകള്‍ പകര്‍ന്നുനല്‍കിയ അനുഭവങ്ങള്‍ കവി വികാരവായ്പോടെ ഓര്‍ക്കുന്നു. അവയില്‍ ഓരോ കത്തിനും കവിയോട് നിരവധി കാര്യങ്ങള്‍ പറയുവാനുണ്ട്. ഏറെ കുതൂഹലത്തോടെയാണ് അവയിലോരോന്നും അദ്ദേഹം വായിച്ചിരുന്നത്. അവ വെറും കത്തുകളായിരുന്നില്ല, നോക്കിയാല്‍ മിണ്ടുന്ന ചിത്രലേഖങ്ങളായിരുന്നു. പലവുരു വായിക്കയാല്‍ ഓരോ കത്തും കാണുമ്പോള്‍ത്തന്നെ അവയില്‍ അമ്മ വരച്ചിട്ടിരിക്കുന്ന ആശയപ്രപഞ്ചം ചിത്രത്തിലെന്നതുപോലെ മനസ്സില്‍ തെളിയുമായിരുന്നു. അമ്മയുടെ സ്നേഹവാത്സല്യങ്ങളും ഉപദേശങ്ങളും മകനെക്കുറിച്ചുള്ള ഉത്കണ്ഠകളും കവി ആ കത്തുകളിലൂടെ അനുഭവിച്ചറിയുന്നു. സാരോപദേശങ്ങളും വേദനയും പ്രാര്‍ത്ഥനയും ആ കത്തുകള്‍ കവിക്കു പകര്‍ന്നുനല്‍കി. നാട്ടില്‍ നിന്ന് അകലെക്കഴിയുന്ന ആ മകനെ പിറന്നനാടും അതിന്റെ സംസ്കാരവുമായി ബന്ധിപ്പിക്കുന്ന പൊക്കിള്‍ക്കൊടിയായി അമ്മയുടെ കത്തുകള്‍ മാറി. നാട്ടുപുരാണങ്ങളും വീട്ടുവഴക്കുകളും ഊട്ടുത്സവങ്ങളും ആ കത്തുകളിലൂടെ കവി എപ്പോഴും അറിഞ്ഞുകൊണ്ടിരുന്നു. വിതപ്പൊലിപ്പാട്ടുകളും നാവേറുമന്ത്രങ്ങളും ആ കത്തുകള്‍ കവിയുടെ കാതുകളില്‍ മന്ത്രിച്ചു. ഓരോ കത്തും ഓരോ നറുക്കിലകളായിരുന്നു. കത്തുകളിലെ ഉള്ളടക്കം പൂവുപോലെ മനോഹരവും സുഗന്ധപൂരിതവുമായിരുന്നു. മകനുണ്ടാകാനിടയുള്ള ചെറിയചെറിയ രോഗങ്ങള്‍ക്കുള്ള നാട്ടുചികിത്സയുടെ കുറിപ്പുകളായും പലപ്പോഴും അമ്മയുടെ കത്തുകള്‍ മാറി. അമ്മയുടെ വയറ്റിലായിരുന്നപ്പോള്‍ തന്റെ ചെവികളില്‍ മുഴങ്ങിയ ആദ്യനാദവും ആ കത്തുകളിലെ നാദവും ഒന്നായിരുന്നു. തന്റെ ആദ്യമൊഴികളിലെ ഭാഷയും ആ കത്തുകളിലെ ഭാഷയും ഒന്നായിരുന്നു. താന്‍ ആദ്യം കേട്ടതും ആദ്യം മൊഴിഞ്ഞതും പൊക്കിള്‍ക്കൊടിയിലൂടെ അമ്മ പകര്‍ന്നുതന്ന മാതൃഭാഷതന്നെയായിരുന്നുവെന്ന് കവി ഓര്‍മ്മിക്കുന്നു. ആ ഭാഷയുടെ മധുരോദാരമായ ആവിഷ്കാരം തന്നെയാണ് അമ്മയുടെ എഴുത്തുകളും.

അമ്മയുടെ എഴുത്തുകളോരോന്നും വ്യത്യസ്തമായ മൊഴിച്ചന്തമുള്ളവയായിരുന്നു. ഉള്ളടക്കത്തിന്റെ ഭാവത്തിനനുസരിച്ച് ഭാഷയിലും വന്നിരുന്ന മാറ്റമാണിത് സൂചിപ്പിക്കുന്നത്. വികാരാവിഷ്കരണത്തില്‍ മാതൃഭാഷയ്ക്കുള്ള സാധ്യതയാണ് കവി ഇവിടെ പരാമര്‍ശിക്കുന്നത്. ആ ഭാഷ അമ്മയുടേതായ നേരിന്റെ ഈണവും താളവുമാണ് കവിക്ക് പകര്‍ന്നു നല്‍കിയത്. കൃത്രിമത്വലേശമില്ലാത്ത മാതൃഭാഷയുടെ മാധുര്യമാണ് കവി അനുഭവിച്ചറിഞ്ഞത്. എന്നാല്‍ വര്‍ത്തമാനകാലത്ത് കവി കൃത്രിമത്വം നിറഞ്ഞ, ഔപചാരികത നിറഞ്ഞ അന്യഭാഷകളാണ് കേള്‍ക്കുന്നതും മൊഴിയുന്നതും. തന്റെ ഓര്‍മ്മകളെല്ലാം അമ്മയെയും അമ്മയുടെ ഭാഷയെയും ആ ഭാഷ പ്രതിനിധാനംചെയ്യുന്ന സംസ്കാരത്തേയും ചുറ്റിപ്പറ്റിയുള്ളതാണെന്നും കവി തിരിച്ചറിയുന്നു.

മാതൃഭാഷയുടെയും സംസ്കാരത്തിന്റെയും സന്ദേശവാഹകരായ ആ കത്തുകള്‍ കുട്ടികള്‍ കാണാനിടയായാല്‍ അവര്‍ അശുദ്ധമാകുമെന്ന് കവിയുടെ ഭാര്യ ഭയക്കുന്നു. പഴമയെ പാടേ തള്ളിക്കളയുകയും പുതുമയെ കണ്ണടച്ചാശ്ലേഷിക്കുകയും ചെയ്യുന്ന 'നവീനചിന്താഗതി'ക്കാരിയാണ് ഭാര്യ, മക്കള്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ പേറ് ഇംഗ്ലണ്ടിലാക്കുന്ന അമ്മമാരുടെ പ്രതിനിധി. ഭാര്യയുടെ മുമ്പില്‍ നിസ്സഹായനായിപ്പോകുന്ന കവി അവളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ നിര്‍ബന്ധിതനാകുന്നു. മാതൃഭാഷയെയും സംസ്കാരത്തെയും തള്ളിപ്പറയുന്ന അവളുടെ ചിന്താഗതി 'നവീനവും കുലീനവു'മാണെന്ന് അംഗീകരിക്കേണ്ടിവരുന്നു. വിദേശികളോടും അവരുടെ ഭാഷയോടുമുള്ള മാനസികാടിമത്തത്തില്‍നിന്നും മോചനം നേടാത്ത കേരളീയ സമൂഹത്തിനു നേരെയുള്ള പരിഹാസം ഈ വരികളില്‍ നിഴലിക്കുന്നുണ്ട്.

'അമ്മയുടേതാമെഴുത്തുകളൊക്കെയും അമ്മയായ്‌ത്തന്നെ ഒതുങ്ങിയിരിക്കട്ടെ' എന്ന വരികളില്‍ അമ്മ മാതൃഭാഷയായി മാറുന്നതും നമുക്കുകാണാം. വിദേശികളെയും അവരുടെ സംസ്കാരത്തെയും സ്വീകരിക്കാന്‍ വെമ്പിനില്‍ക്കുന്ന മലയാളി അവന്റെ അമ്മമലയാളത്തെ വീടിന്റെ പിന്നാമ്പുറത്ത് ഒളിപ്പിക്കുന്നു. ഉമ്മറത്ത് സ്വീകരണമുറിയില്‍ വിദേശത്തു നിര്‍മ്മിച്ച അമ്മയുടെ പ്രതിബിംബം പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. വിശിഷ്ടാതിഥികള്‍ വീട്ടിലെത്തുമ്പോള്‍ തന്നെ താനാക്കിയ അമ്മയെ പ്രായമായി, രോഗിയായി എന്നൊക്കെപ്പറഞ്ഞ് ഏതെങ്കിലുമൊരു മൂലയിലൊളിപ്പിക്കുന്നതുപോലെയാണ് അന്യഭാഷയെയും സംസ്കാരത്തെയും സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന മലയാളി മാതൃഭാഷയെയും തനതു സംസ്കാരത്തെയും ഒളിപ്പിക്കുന്നത്.

അമ്മയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം ഉപേക്ഷിച്ച് ഭാര്യയുടെ മനസ്സില്‍ പ്രവേശിച്ചപ്പോള്‍മുതല്‍ കവിയ്ക്ക് പഴയകാലത്തിന്റെ മധുരമോര്‍ത്ത് കൊതിയൂറുന്ന ശീലം നഷ്ടമായി. ഇവിടെ അമ്മ കവിയുടെ മാതൃസംസ്കാരവും പൊക്കിള്‍ക്കൊടി ആ സംസ്കാരത്തെ കവിയില്‍ നിറയ്ക്കുന്ന ഭാഷയുമാണ്. ഇവ രണ്ടും നഷ്ടമായ കവിയ്ക്ക് തന്റെ വ്യക്തിത്വം തന്നെ നഷ്ടമാകുന്നു. എങ്കിലും ഒരോര്‍മ്മയായി, ഇടയ്ക്കിടെ മനസ്സില്‍ മൂളുന്ന ആദിമ സംഗീതമായി അമ്മ ഇന്നും കവിയില്‍ കുടിയിരിക്കുന്നു.

അമ്മ ഒരോര്‍മ്മയാണ്. പുത്തന്‍ പ്രകാശങ്ങള്‍ ജന്മമെടുക്കുന്ന പ്രാചീന വനനീലിമയില്‍ മങ്ങിയമര്‍ന്നുപോയ ഒരോര്‍മ്മ. കവിയെ പ്രലോഭിപ്പിക്കുന്ന, കവിയുടെ കണ്ണുകളെ മഞ്ഞളിപ്പിക്കുന്ന ആധുനികകാലത്തിന്റെ പ്രലോഭനങ്ങളാണ് 'പുത്തന്‍ പ്രകാശങ്ങള്‍'. അവ മുമ്പില്‍ ജ്വലിച്ചുനില്‍ക്കുമ്പോഴും പണ്ടെങ്ങോ കത്തിയമര്‍ന്ന ഒരോര്‍മ്മയായി അമ്മ മനസ്സില്‍ കുടികൊള്ളുന്നു. അമ്മയെ നാം ഇടയ്ക്കിടെ ഓര്‍ത്താലും ഒരിക്കല്‍പ്പോലും ഓര്‍ത്തില്ലെങ്കിലും നമ്മോടൊപ്പം നമ്മുടെ പിന്നില്‍ എപ്പോഴും താങ്ങായി, തണലായി, കാവലായി പറന്നെത്തുന്ന കുളിര്‍മ്മയാണ് അമ്മ എന്നു കവി തിരിച്ചറിയുന്നു. ഓരോ മനുഷ്യനിലെയും ചോരയുടെ ചൂടായി നില്‍ക്കുന്ന നന്മയും താളവും അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളാണ്. രക്തത്തിന്റെ ചൂട് ഇല്ലാതെയായാല്‍ മനുഷ്യന് ജീവിതമില്ല. അമ്മയെക്കുറിച്ചുള്ള ഓര്‍മ്മ ഇല്ലാതായാലും അതുതന്നെയാണവസ്ഥ. മാതൃഭാഷ നഷ്ടപ്പെടുന്ന മനുഷ്യന് അവന്റെ അസ്തിത്വമാണ് നഷ്ടപ്പെടുന്നത്.

മനുഷ്യന്‍ ഏതൊക്കെ ഭാഷ പഠിച്ചാലും സംസ്കാരം സ്വായത്തമാക്കിയാലും അവന്റെയുള്ളില്‍ മാതാവും മാതൃഭാഷയും തനതുസംസ്കാരവും എല്ലാക്കാലവും നിലകൊള്ളും. പൊക്കിള്‍ക്കൊടിയിലൂടെ വളര്‍ന്ന ആ ബന്ധം ഒരിക്കലും മുറിച്ചുമാറ്റാന്‍ കഴിയില്ല. അതു കൊണ്ട് അമ്മ അമ്മയായും മാതൃഭാഷ മാതൃഭാഷയായും നിലനില്‍ക്കട്ടെ. പരിഷ്കാരിയായ ഭാര്യക്കുവേണ്ടി അമ്മയെയും പരിഷ്കാരത്തിന്റെ ഭാഷയെന്നു കരുതുന്ന ഇംഗ്ലീഷിനുവേണ്ടി മാതൃഭാഷയെയും മനുഷ്യന്‍ ഉപേക്ഷിക്കാതിരിക്കട്ടെ എന്നാണ് കവി ആഗ്രഹിക്കുന്നത്.

മാഞ്ഞുകൊണ്ടിരിക്കുന്ന ഈ എഴുത്തുകള്‍ ഇന്നാരാണ് വായിക്കുക? ആരുടെ നാവിലാണ് ഇനി ഈ ചൊല്ലുകള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുക? ഇനിവരുന്ന തലമുറ ഒരു പക്ഷേ തങ്ങള്‍ ആരുടെ കുട്ടികളെന്നു സംശയിച്ചേക്കാം. ആരാണ് തങ്ങളെ നൊന്തുപെറ്റതെന്ന് അവര്‍ അത്ഭുതപ്പെട്ടേക്കാം. സംസ്കാരത്തിന്റെ കണ്ണികള്‍ അറ്റുപോകുന്ന പുതുതലമുറയ്ക്കു സംഭവിച്ചേക്കാവുന്ന ദുരവസ്ഥ കവി മുന്‍കൂട്ടിക്കാണുകയാണ്. തായ്മൊഴിയുടെ ഈണം എങ്ങനെയാണ്? തായ്മൊഴി നാവെടുത്തോതുന്നതെങ്ങനെ? തായ്‌മൊഴിയില്‍ ചിന്തിക്കുന്നതെങ്ങനെ? തായ്‌മനസ്സിന്റെ തുടിപ്പുകളെങ്ങനെയാണ്? താരാട്ടിലോലുന്ന മാധുര്യമെങ്ങനെയാണ്? താന്‍ തന്നെ വന്നു പിറന്നതെങ്ങനെയാണ്? ഇങ്ങനെ നൂറുനൂറു ചോദ്യങ്ങള്‍ പുതുതലമുറയുടെ ഉള്ളില്‍ ഉദിച്ചേക്കാം. കാരണം വേരറ്റ ഒരു തലമുറയെയാണ് നാം വളര്‍ത്തിക്കൊണ്ടുവരുന്നത്. അമ്മയെയും അമ്മ മലയാളത്തെയും കേരളീയത്തനിമയെയും അകറ്റിനിര്‍ത്തി പുത്തന്‍പരിഷ്കാരത്തിന്റെ ലോകത്തേയ്ക്ക് അവരെ അയയ്ക്കാനുള്ള തത്രപ്പാടിലാണ് എല്ലാ മലയാളി മാതാപിതാക്കളും. കവിയുടെ തലമുറയിലുള്ളവരുടെ ഓര്‍മ്മയിലെങ്കിലും തായും തായ്‌മൊഴിയും തങ്ങിനില്‍ക്കുന്നുണ്ട്. ഇനിവരുന്ന തലമുറയ്ക്ക് ഓര്‍മ്മിക്കാന്‍പോലും ഒരു മാതാവോ മാതൃഭാഷയോ വേണ്ടിവരികയില്ലെന്ന് കവി വ്യാകുലപ്പെടുന്നു.

നിരധി സംസ്കാരങ്ങളും അവയെ പ്രതിനിധാനംചെയ്യുന്ന ഭാഷകളും ഇന്ന് ലോകത്തുനിന്നും ദിനം പ്രതി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതിലൊന്നായി നമ്മുടെ മലയാളവും മലയാളത്തവും മാറുമോ എന്ന ആശങ്ക കവിതയുടെ അവസാനഭാഗത്ത് നിറഞ്ഞുനില്‍ക്കുന്നു. മാതൃഭാഷയെ അറിയാനും ആസ്വദിക്കാനും സ്നേഹിക്കാനും വരും തലമുറകള്‍ക്കു കൈമാറുവാനും ആരുമില്ലാതാവുന്ന അവസ്ഥ കവിയെ വിഹ്വലതയിലാഴ്ത്തുന്നു.

Credits: School Vidyarangam

1 comment: